Sunday, 22 December 2024

മലയാളം വാരിക

കറുപ്പും വെളുപ്പും

കറുപ്പിനഴകേഴ്

സന്തോഷ്

ർഷങ്ങള്‍ക്ക് മുമ്പ്, അതായത് മെസൊപ്പൊട്ടാമിയയില്‍ നായാടികളായി ജീവിച്ചിരുന്ന മനുഷ്യര്‍ കൃഷിയിലേക്കും കന്നുവളര്‍ത്തലിലേക്കും തിരിഞ്ഞ കാലഘട്ടത്തില്‍ പട്ടിക ജാതികളോ പട്ടികവർഗങ്ങളോ ആയി തരംതിരിക്കപ്പെട്ടവരില്ലാതിരുന്ന കാലഘട്ടത്തില്‍, ചാതുര്‍വര്‍ണ്ണ്യമെന്ന വിവേചനം ഭാരതത്തില്‍ സ്വപ്നംപോലും കണ്ടിട്ടില്ലാതിരുന്ന ആ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന മനുഷ്യരുടെ അതേ രക്തം തന്നെ ഇന്നും ജീവിക്കുന്ന മനുഷ്യരുടെ സിരകളിലൂടെ ഓടുന്ന ഈ നൂറ്റാണ്ടിലെന്നോ ആണ് തേയി എന്ന സുന്ദരി ഇങ്ങ് കേരളക്കരയില്‍ ഏതോ മലയോരപ്രദേശത്ത് ജനിച്ചതും കാട്ടുകിഴങ്ങകളും മറ്റും തിന്നു വളര്‍ന്നതും. ഇതേ കാലയളവിലാണ് പല സത്യഭാമമാരും തിന്നും കുടിച്ചും കൂത്താടിയും ഇവിടെത്തന്നെ വളര്‍ന്നതും.

തേയിയുടെയും, സത്യഭാമയുതേയും രക്തം ഇന്നും ചുവന്നിട്ടാണ്.

കമ്മ്യൂണിസ്റ്റ്കാരുടെ രക്തം ആദിമമനുഷ്യന്റെ പോലതന്നെ ചുകന്നിട്ടാണെന്നും, കോണ്‍ഗ്രസ്സുകാരുടെ രക്തം കാശ്മീരി പണ്ഡിറ്റകളുടേതുപോലെ ചുകപ്പും പച്ചയും കലര്‍ന്നതാണെന്നും, ബി.ജെ.പിക്കാരുടെ രക്തം കാവി നിറമുള്ളതാണെന്നും പരക്കെ സംസാരമുണ്ട്. അതെന്തായാലും സത്യഭാമക്ക് സ്വന്തം ഞരമ്പ് മുറിച്ച് നോക്കണം തന്റെ ചോര വെളുത്തിട്ടാണോ കറുത്തിട്ടാണോ അതോ ചുവന്നിട്ടാണോ എന്നറിയാൻ.

കറുപ്പിനെക്കുറിച്ച് പറഞ്ഞപ്പോളാണോര്‍മ്മ വന്നത്; സത്യഭാമക്കും, വിജയനും കറുപ്പിനോട് എന്തോ ഒരുതരം അലര്‍ജിയാണ്. നാട്യക്കാരി സത്യഭാമയുടെ തൊലി വെളുത്തിട്ടാണെങ്കില്‍ വിജയന്റെ ഷര്‍ട്ടാണ് വേളുത്തിട്ട്. തൊലിയെ കുറ്റം പറയരുതല്ലൊ. ഒരുപക്ഷെ രക്തം പോലും നിറം മാറിയാണെങ്കിലൊ?

തേയി കാടിന്റെ മകളാണ്. തേയി മോഹിനിയാട്ടം പഠിച്ചിട്ടില്ല. നിലാവുള്ള തെളിഞ്ഞ രാത്രികളില്‍ തേയി തന്റെ സമൂഹാംഗങ്ങളോടൊത്ത് ആളിക്കത്തുന്ന അഗ്നികുണ്ഡത്തിനു ചുറ്റും ചുവടുവച്ച് നൃത്തം ചെയ്യും. താളത്തില്‍ സംഘാംഗളൊത്ത് നാടന്‍ പാട്ടുകള്‍ പാടും. തേയിക്ക് തന്റെ ജന്മം തന്നെ പുണ്യം.

മറിച്ചാണ് ഭാമക്ക്. നൃത്തവും, നാട്യവും, പാട്ടും, സംഗീതവുമൊക്കെ സവര്‍ണ്ണര്‍ക്കുള്ളതാണത്രെ. ഭരതമുനിയുടെ കൂടെപ്പിറന്നവളാണെന്ന ഭാവമാണ് ഭാമക്ക്. ഭാമയുടെ ജന്മം കൊണ്ടും, വിജയന്റെ നവകേരളസദസ്സുകൊണ്ടും ഒരു പുണ്യഭൂമിയായി കേരളം മാറിപ്പോയെന്നു പത്ര-ടി.വി മാധ്യമങ്ങള്‍. ദരിദ്രമാധ്യമങ്ങള്‍ക്കെന്നും ഒരുസ്ഥാനവും എവിടേയും ഇല്ലല്ലൊ.

അസംബ്ളിയിലേക്കാണെങ്കിലും, പാര്‍ലമെന്റിലേക്കാണെങ്കിലും തേയിക്ക് മത്സരിക്കണമെന്നില്ല. അതിനൊക്കെ കള്ളന്മാര്‍ വേണ്ടുവോളമുണ്ടെന്നാണ് തേയി പറയുന്നത്. സത്യഭാമക്കും ഇക്കുറി മത്സരിക്കാം. ഒരു പക്ഷെ ശൈലജ ടീച്ചറെക്കാള്‍ കൂടുതല്‍ വോട്ട് കിട്ടിയാലൊ?

ആഭിസാരവും ഒരു കലയാണെന്നാണല്ലൊ വയ്പ്.

കുറിപ്പ്

'കറുപ്പും വെളുപ്പും' എന്ന പേരില്‍ ഒരു സ്ഥിരം പംക്തി ഇവിടെ തുടങ്ങുകയാണ്. ഈ പംക്തിയില്‍ പരാമര്‍ശിക്കുന്ന സംഭവങ്ങള്‍ക്കും, വ്യക്തികള്‍ക്കും, സ്ഥലകാലസമയ ഭേദങ്ങള്‍ക്കും ജീവിച്ചിരിക്കുന്നതോ, മരിച്ചുപോയതോ ആയ ആരുമായോ, അവരുടെ ചെയ്തികളുമായോ, അവരുടെ ആവാസകേന്ദ്രങ്ങളുമായോ പുലബന്ധം പോലുമില്ല. അങ്ങിനെ ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അതിനുത്തരവാദി ഈ പംക്തി വായിക്കുന്നവര്‍ തന്നെയാണെന്നു ഞങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. കൂടാതെ സമയം അതിക്രമിക്കുന്നതിനു മുമ്പ് സ്വബുദ്ധി ഒന്നു ഒരു മനോരോഗവിദഗ്ധനെക്കൊണ്ട് പരിശോധിപ്പിക്കുന്നും നന്നായിരിക്കുമെന്ന് ഞങ്ങളോര്‍മിപ്പിക്കട്ടെ.