Sunday, 22 December 2024

മലയാളം വാരിക

ഇതാണ് കാറ്!

കഥ: സൂരി

ക്രം തിരിക്കുന്ന പണി പഠിക്കാനാണ് ശ്രിംഗോരന്‍ ഡ്രൈവിംഗിലെ അവസാന വാക്കായ ആചാര്യ രാമനാഥനെ കാണാനെത്തിയത്. ഇരുവരും കണ്ടു, അന്യോന്യം വണങ്ങി.

വെറ്റില, അടക്ക, നൂറ്റിയൊന്നുരൂപ എന്നീ തൃമൂര്‍ത്തികളെ കണ്ടപ്പോള്‍ ആചാര്യന്‍റെ കണ്ണും മനവും ഒരുപോലെ കുളിര്‍ത്തു. അകത്തേക്കു നോക്കി രാമനാഥന്‍ ഉച്ചസ്ഥായിയില്‍ കൂവി:

“ഡീ ശെല്‍വനായകീ... വാടീ ഇങ്കെ... ഇന്ത വെത്തിലപ്പാക്ക് എടുത്തുള്ളെ വൈയ്... പൈസ അങ്കെത്താനിരിക്കട്ടും.”

തുടര്‍ന്നു രാമനാഥന്‍ ശ്രിംഗോരന്‍റെ നേരെ തിരിഞ്ഞു: “സീ, നാന്‍ ഡ്രൈവിംഗ് മാഷായത് ക്വയറ്റ് ആക്സിഡെന്‍റെല്‍..ഐ ആം എ പ്രോഡക്ട് ഓഫ് പച്ചയ്യപ്പാസ് കാളജ് മഡ്രാസ്... ഒരഫയറില്‍ കുടുങ്ങി നാടുവിടേണ്ടി വന്നു...റൊമ്പ ലാംങ് സ്റ്റാറി... അപ്പറം ഇങ്കെ വന്ത് ഡ്രൈവിംഗ് മാഷായി... പ്രഛന്നമൊന്നുമില്ല സാറെ... ഏ ഗുഡ് ജാബ്... ബെറ്റര്‍ ദാന്‍ എ ഗവണ്മെന്‍റ് ജാബ്. എടുത്തവേലക്കു കൂലി കെടക്കുമില്ലവാ.”

“അപ്പൊ നാളെത്തന്നെ രാഹുകാലത്ത്ക്കു മുന്നാടി ക്ളാസ്സ് തുടങ്ങലാം സാറെ.”

ശ്രിംഗോരന്‍ തലയാട്ടി.

പിറ്റേന്നു രാവിലെ രാമനാഥന്‍ ശ്രിംഗോരന്‍റെ മുന്നില്‍ ഹാജര്‍.രാമനാഥന്‍ ശ്രിംഗോരന്‍റെ ശകടമായ ടൈഗണിനു മൂന്നു വട്ടം വലംവക്കാന്‍ ശ്രിംഗോരനോട് കല്പിച്ചു. തുടര്‍ന്നു രാമനാഥന്‍ ശകടത്തെ ചന്ദനം, ഭസ്മം, കുങ്കുമം എന്നിവ അണിയിച്ച്, കിഴക്കോട്ടു നോക്കി കൈകൂപ്പി ഗുരു അമറി: “കടവുളേ, മുരുഹാ, ഉച്ചിമഹാകാളിയമ്മന്‍ തായേ... നീ താന്‍ തുണൈ...”

രാമനാഥന്‍ ചെറുതായൊന്നു ഉറഞ്ഞു.

“കീ കൊടുങ്കൊ സാര്‍.”

ശ്രിംഗോരനില്‍ നിന്നു കാറിന്‍റെ കീ വാങ്ങി രാമനാഥന്‍ കാര്‍ സാറ്റാര്‍ട്ടാക്കി. നൂറുവട്ടം സ്റ്റിയറിംഗ് തൊട്ടുതൊഴുതു. പതുക്കെ രാമനാഥനില്‍ ഒരു ഭാവമാറ്റം. ദേഹം തല അല്പം ഇടത്തോട്ടു ചരിച്ചു പിടിച്ചു ഒരീണത്തില്‍ ശ്രിംഗോരനോടായി പറഞ്ഞു:

“ഇതാണ് കാറ്.”